സേനാനി
രാത്രികളിൽ
ഒറ്റപ്പെട്ട ബാങ്ക് ATM-കൾക്കുമുമ്പിൽ നഷ്ടസ്വപ്നങ്ങൾ വീണ്ടും വീണ്ടും കണ്ട്
കണ്ണടയ്ക്കാനാവാതെ, നേരിയ
ഭയത്തോടെ ഇരിക്കുന്ന സെക്യൂരിറ്റി ജീവനക്കാർ എന്നെ അസ്വസ്ഥരാക്കാറുണ്ട്. വല്ലാതെ.
മിനിഞ്ഞാന്നാണ്
എറണാകുളത്തെ BTH-ഇൽ വെച്ചാണ് പാപ്പനംകോടുകാരൻ ഉദയനെ പരിചയപ്പെടുന്നത്. ജില്ലയിലെ
ഏറ്റവും പഴക്കം ചെന്ന കാറും എന്നാലോ വർഷം മുഴുവനും ഫുൾടിഫുൾ 'ഡസ്റ്റ്റു'മായ എന്റെ Zen-ൽനിന്ന് എന്നെ വലിച്ചു
പുറത്തെടുക്കുന്നതിന്റെ ഭാഗമായി ഓടിക്കൂടിയ സഹൃദയരിൽ പൊക്കം, മീശ എന്നിവ കൊണ്ട്
കക്ഷി മിന്നിനിന്നിരുന്നു. എക്സ്-സെർവീസാണ്. കമാണ്ടോ
ഗ്രൂപ്പിൽപ്പെട്ട ഹവിൽദാർ. ഏതാനും കമാണ്ടോ കഥകൾ കേൾക്കണമെന്നുണ്ടായിരുന്നു.
പറഞ്ഞുതുടങ്ങിയാൽ BTH വിട്ട് ഈ മാസം
പോകാനായേക്കില്ലെന്ന് മീശമുന കൂർപ്പിച്ചുകൊണ്ട് സേനാനി.
റെസ്ക്യു
ഓപെറേഷന് നന്ദി സൂചകമായി ഞാൻ വരയ്ക്കാനാഞ്ഞു. എങ്കിൽ ആ സദ്കൃത്യം തന്റെ ക്യാബിനിൽ
വെച്ചാകാമെന്നായി. പേപ്പർലെസ് ഓഫീസായിരുന്നു. അരമണിക്കൂർ പരതിക്കിട്ടിയ
രെജിസ്റ്റെറിൽ വരച്ചു. നമസ്തേ പറഞ്ഞ് എഴുന്നേറ്റതും കമിഴ്ന്ന് വീണ് കാൽ
തൊടാനാഞ്ഞു. ഞാൻ ചാടിമാറാൻ നോക്കി. അനങ്ങിയതേയില്ലല്ലോ എന്ന് ഒരു നിരീക്ഷകൻ
പിന്നീട് രേഖപ്പെടുത്തി, വാങ്ങിനിന്നു.
ഇപ്പോൾ, ആഴ്ചയിലൊരിക്കൽ വീട്ടിൽ പോകുമെന്ന് സന്തോഷത്തോടെ പറഞ്ഞു.
ഞാനോർത്തു- എത്ര കാലം, വീട്ടിൽ നിന്ന് അകന്ന്
ജീവിച്ചയാളാണിത് ! ഇവരോടൊക്കെ നമ്മൾ എത്രമാത്രം കടപ്പെട്ടിരിക്കുന്നു !
പകിട്ടുകളൊന്നുമില്ലാത്ത
ഈ സാധാരണവര കമാണ്ടോയുടെ വീട്ടുകാരെ സന്തോഷിപ്പിക്കില്ലെ എന്നു ഞാൻ.
മര്യാദയ്ക്ക്
സന്തോഷിച്ചില്ലെങ്കിലാ എന്ന് അപരൻ.
- ശുഭം -
No comments:
Post a Comment