ഏക് ഫാറ്റ് കാർട്ടൂണിസ്റ്റ് കാ അച്ഛാ ദിൻ !
കാർട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണൻ
135 കിലോഗ്രാനുമായി ഭാരതത്തിലെ ഏറ്റവും പിണ്ഡമുള്ള കാർട്ടൂണിസ്റ്റെന്ന, വർഷങ്ങളായി ആരും തകർക്കാത്ത നാഷണൽ റെക്കോഡിനുടമയായ ഈയുള്ളവന്റെ ഒരാഴ്ച്ച തുടങ്ങുന്നതെങ്ങനെ ? മുയ്മൻ ആഴ്ച്ചയ്ക്കുള്ള സോളാർ സംഭരിപ്പതെങ്ങനെ ? ഇനിയെങ്കിലും ഈ സത്യങ്ങൾ ഞങ്ങടെ കുടുംബപ്പത്രമായ "മാത്രൂമി" വായനക്കാരെ അറിയിക്കണമെന്നു തോന്നി. സന്ദർഭാനുസരണം ചിത്രങ്ങളും കൂടി നോക്കി കുലുങ്ങിച്ചിരിച്ച് മുന്നേറുന്ന ആ പഴഞ്ചൻ രീതി വായനക്കാർ നന്നായി അവലംബിച്ചാൽ സന്തോഷായി !
ഉണർന്നെണീറ്റാൽ ആദ്യം കിഴ്ക്കേ മുറിയിൽ രാവിലെ 3 മണിക്കേ പൗഡറിട്ട് സുന്ദരിയായിരിക്കുന്ന ഒരു 90 കാരിയെ ഒന്നു പാളി നോക്കും. എന്റെ ഏറ്റവും വലിയ കാർട്ടൂൺ ഫാൻ ആണീ 1947 മോഡൽ ബി.എ. ക്കാരി വൃദ്ധമാതാശ്രീ. തല നേരെ ഉടലിൽ ചെന്നു ലയിക്കുന്ന രീതിയിലാണ് ഞങ്ങടെ ശരീര ഘടന. കുടുംബത്തിലെ പെർ ക്യാപ്പിറ്റ കഴുത്തിന്റെ നീളം ദേശീയ ശരാശരിയിലും കുത്തനെ താഴെയാണല്ലോ എന്നോർത്ത് ഈ അമ്മയും മകനും ഓർത്ത് ഒറ്റയ്ക്കൊറ്റയ്ക്കും സംഘമായും ഉച്ചത്തിൽ വിലപിക്കാത്ത ദിവസമില്ല. But life must move on, അല്ലെ ? ഇവിടെ ചേർത്തിരിക്കുന്നതടക്കം ആരുടെയും ക്ലീൻ കാർട്ടൂണുകൾ കണ്ട് ഈ സുമുഖി ചിത്രത്തിൽക്കാണുമ്പോലെ ചിരിച്ച്(3) വയ്യാതാവാറുണ്ട്.
അമ്പലക്കുളങ്ങളുടെ അവസാനവാക്കായ തൃപ്പൂണിത്തുറയിൽനിന്ന് 15 കിമീ വണ്ടിയോടിച്ച് , എറണാകുളത്ത് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ സ്വിമ്മിങ്ങ് പൂളാം നീലജലാശയത്തിൽ "പതക്കോ"ന്ന് വീണ് ഒരു ടെമ്പററി സുനാമി സൃഷ്ടിച്ച് നിലവിലെ നീന്തൽക്കാരെ തിരികെ ബാത്രൂമിലേയ്ക്കെത്തിക്കുക എന്ന നിഷ്ക്കളങ്ക വ്യായാമത്തോടെയാണ് ഈയുള്ളവന്റെ തിങ്കളാഴ്ച്ചക്കട തുറക്കാറ്. ദി ഷോർട് & ഫാറ്റ് ഫാമിലി എന്ന പേരിൽ പ്രശസ്തമായ ഗോളാകൃതിയിലുള്ള എന്റെ കുടുംബത്തിലെ ആറാംബ്രാനായ പുത്രൻ 105 കിലോഗ്രാനവൻ കൂടി ചാടിക്കഴിഞ്ഞാൽ പൂൾ ഞങ്ങ അച്ഛന്റേ മോന്റേം മാത്രാവും. പിന്നെ, കൈകാലിട്ടടിച്ച് ഒരു തിരമാല സൃഷ്ടിക്കലാണ്. പൂളിന്റെ അടിത്തട്ടിലെ ഞങ്ങടെ നിഴലുകൾ കണ്ട് ഒരു വിധം പേട്യായിക്കഴിഞ്ഞാൽ പ്രത്യേകം തയ്യാറാക്കി നിറുത്തിയ ഏതാനും ഖലാസ്സികൾ ജീവൻ പണയപ്പെടുത്തി വലിച്ചുകയറ്റും. പ്രാണനും കൊണ്ട് ബാക്ക് ടു തൃപ്പൂൺത്ര.
പിന്നെ, ആപ്പീസിലേയ്ക്ക്. വഴിയേ, ഓരോ പോയിന്റു കടക്കുമ്പോഴും ഒരു പന്ത്രണ്ട് കാർട്ടൂൺ സന്ദർഭങ്ങളെങ്കിലും നോക്കിച്ചിരിക്കുന്നതു കണ്ട്, അജ്ഞാതരായ വഴിപോക്കരുടെ 'മരണ' ക്യാരിക്കേച്ചർ മുഖങ്ങൾ കണ്ട് "എന്റെ മാർക്കർ പെന്നിനു പിറക്കാതെപോയ പഹയൻ/പഹച്ചി ആണല്ലോ" എന്ന് നെടുങ്കൻ നെടുവീർപ്പുകൾ ഇട്ട് ഒരു ഡ്രൈവ്. വൈകീട്ട് തിരിച്ചും. മനുഷ്യൻ ഉണ്ടാക്കിയ ഗൗരവത്തിന്റെ തൊലി പൊളിച്ചാൽ എങ്ങും കാർട്ടൂണ്മയം. റോട്ടിലും വീട്ടിലും നാട്ടിലും ക്യാരിക്കേച്ചറുകളുടെ ബഹളം. ആകാശത്ത് മേഘങ്ങളീൽ വന്നും മറഞ്ഞും ഇരിക്കുന്ന മുഖങ്ങളുടെ ഘോഷയാത്ര. ഇന്നോളം കാണാത്ത മുഖങ്ങളാണ് എന്നെ സദാ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നത്. പുരാതന ചരിത്രവും ഭൂമിശാസ്ത്രവും ഒക്കേള്ള ഈ കലക്കൻ മനുഷ്യരെ കണക്കിലെടുക്കാതെയായിരുന്നല്ലോ എന്റെ ഇതുവരെയുള്ള ജീവിതം എന്ന തോന്നൽ അസ്വസ്ഥമാക്കും. കൈകൾ വായുവിൽ അപരന്റെ ച്ഛായയെ, ശരീരഭാഷയെ പകർത്താനായി പരതും.
ഓഫീസിൽ, അപൂർവമായി “ഇൻഫോർമർ” എന്ന കൊടുംഭീകരൻ, അയൽവാസിയുടെ പോക്കിൽ അസൂയമൂത്ത്, അശരീരിയായി വന്ന് ഫോണിലൂടെ ആക്രമിക്കും.അതിഭീകരനായ രാജ്യദ്രോഹിയെപ്പറ്റി പ്രതിപാദിക്കുന്ന, ടി.ഇ.പി. (ടാക്സ് ഇവേഷന്‍ പെറ്റീഷന് എന്നു ഞങ്ങള്‍ വിളിക്കുന്ന) മൂലകൃതിയുടെ സാര്‍വദേശീയ രൂപം ഏതാണ്ടിങ്ങനെയാണ് :
കുരുകുരാ-ചറപറാ എഴുതിയ പെറ്റീഷനിലെ ആദ്യ മൂന്നു ഖണ്ഡികകള്‍ ആരോപിതനായ വ്യക്തിയുടെ വീടിനു ചുറ്റുമുള്ള പ്രകൃതി വര്‍ണനയ്ക്കു നീക്കിവെച്ചിരിക്കും. കുഴല്‍പ്പണം, ഹവാലാ, സ്വിസ്സ് ബാങ്ക്, അധോലോക ബന്ധം, എസ്റ്റേറ്റുകള്‍ എന്നിവ മുമ്മൂന്നു വാചകങ്ങള്‍ കൂടുമ്പോള്‍ ചുവന്ന അക്ഷരത്തില്‍ തിളങ്ങി നില്ക്കുന്നതു കാണാം. ഒരു കോടിയില്‍ കുറയാത്തൊരു സംഖ്യ ഒരു ഡസനില്‍ കുറയാത്ത തവണ ചുമ്മാ അവിടവിടെ തൂവിയിരിക്കും. ബാക്കി സ്ഥലമുണ്ടെങ്കില്‍, ഈ ‘രഹസ്യം’ ‘മറ്റവന്’ അറിയാനിടയായാല്‍ ലേഖകനു നിസ്സംശയമായും സംഭവിക്കാവുന്ന ഉടനടിമരണം, എന്നാല്‍ തനിക്കു പുല്ലാണ് എന്ന പ്രസ്താവമത്രെ ! (ചിത്രം ഒന്നു ശ്രദ്ധിച്ചോളോ ).
ജോലിക്കിടയിൽ ഇങ്ങനെ കാർട്ടൂണാക്കേണ്ടുന്ന സന്ദർഭങ്ങൾ എന്നും വരും. ഒന്നിനും സ്ഥിരതയില്ല എന്ന് മനസ്സിലിരുത്തിയാൽ എന്തും കാർട്ടൂണാക്കാം. ഇടയ്ക്ക് വരയപ്പെടാൻ പലരും വരും. "സ്മൈൽ പ്ലീസ്" എന്ന് പറഞ്ഞുകൊണ്ടേയിരിക്കണം. സ്വന്തം ദന്തഗോപുരം തുറക്കാൻ എല്ലാർക്കും മടിയാണ്. അപൂർവമായി, ചാവേറുകൾ വരും. പോസ് ചെയ്യിക്കാൻ ഇങ്ങനെ സുസ്സുഖം തരുന്ന ആൾക്കാരില്ല. സ്വന്തം ക്യാരിക്കേച്ചർ കണ്ട് പിറുപിറുക്കാതെ പോയ ഒരു സ്ത്രീജനത്തെ കണ്ടിട്ട് കണ്ണടയ്ക്കാനായെങ്കിൽ എന്നും എന്നാൽ ചിന്തിച്ചുവശാവാറുണ്ട്.
ആദ്യ കാർട്ടൂൺ വന്നിട്ട് കൊല്ലം നാൽപ്പതായി. 37 ആയി ക്യാരിക്കേച്ചറിങ്ങിലേയ്ക്ക് കടന്നിട്ട്. ഇന്നോളം നാലുപേരെയെങ്കിലും വരയ്ക്കാത്ത ദിവസമില്ല. വർഷം 28 ആയി ഇൻകം ടാക്സിൽ ജോലി. അതോടെ രാഷ്ട്രീയ കാർട്ടൂണുകൾ വരപ്പ് നിർത്തി. പരേതനായ സോക്രട്ടീസിനെപ്പോലെ, അപരിചിതരെ വഴിയിൽ പിടിച്ചുനിർത്തി വൺ-മിനിറ്റ് ക്യാരിക്കേച്ചറുകൾ വരച്ചു സമ്മാനിക്കലാണ് കൊല്ലങ്ങളായി വിനോദം, ഒരേയൊരു ധ്യാനം. ഓരോ വരയിലും ഒരിരുപത് അനാട്ടമിക്കൽ തെറ്റുകളെങ്കിലുമുള്ളത് 10 മീറ്റർ അകലേന്നേ ആർക്കും കാണാം. എങ്കിലും,എല്ലാരും ഇന്നോളം ചിരിയോടെ അത് വാങ്ങിയിട്ടുണ്ട്. വൈകീട്ട് വീട്ടിലെത്തുന്ന ഗൃഹനാഥൻ ഈ അസമർഥ വര കാട്ടി ഒരു പരിഭവം പറഞ്ഞു തീർക്കുന്നത്, തന്റെ കുഞ്ഞുങ്ങളുടെ ഹീറോ ആവുന്നത്, വീട്ടിൽ ഒരു വിളക്കു കൂടി തെളിയുന്നത് മോഹിച്ച് തടിയനായ ഒരു കാർട്ടൂണിസ്റ്റ് പ്രാരബ്ധത്തോടെ അടുത്ത ഇരയിലേക്ക് കൗതുകത്തോടെ നീങ്ങും.
ഈയിടെ വരച്ചതൊക്കെ blogspot-ഇൽ ബ്ലോഗുകളാക്കി, 1minutecaricatures, traincaricatures, keralahahaha, ooneswarampo എന്നിങ്ങനെ. അൺറിസർവ്ഡ് കമ്പാർട്മെന്റുകളിലിരുന്ന് മുടിഞ്ഞ കീച്ച് കീച്ചുന്ന സാധാരണക്കാരെ കുത്തിനിറച്ചായിരുന്നു traincaricatures ഇലെ യാത്രകൾ !
വര മാത്രമാണ് എന്നെ തുടരാൻ പ്രേരിപ്പിക്കുന്നത്. 1976-ഇൽ തപാൽ വഴി എന്നെ കാർട്ടൂണിങ്ങ് പഠിപ്പിച്ച മദ്രാസ്സിലെ ശന്തനൂസ് ചിത്ര വിദ്യാലയത്തിലെ വിജയസാരഥി എന്ന ഗുരു, വരയ്ക്കുമ്പോളൊക്കെ ഈ അസമർഥനെ തൊട്ടു നിൽക്കും. എങ്കിലും, എന്നും നൂറുവട്ടം ഞാൻ ഓർക്കുന്ന, ഓർമ്മയിലൂടെ എനിക്ക് ഊർജ്ജം തരുന്ന ഒരാളുണ്ട്. കാഴ്ച്ച കൗതുകമാക്കാൻ പഠിപ്പിച്ച എന്റെ അച്ഛൻ.
.............................................................................................................................................................
ലേഖകൻ ഇൻഡ്യയിലെ ഏറ്റവും വേഗതയേറിയ ക്യാരിക്കേച്ചറിസ്റ്റ്
(12 മണിക്കൂറിൽ 651 ക്യാരിക്കേച്ചറുകൾ ) എന്ന നിലയിൽ ലിംകാ റെക്കോഡിനുടമയാണ്. Cell: 9447704693
No comments:
Post a Comment