Monday, December 19, 2016

2 FOOTBALL ICIDENTS AT ISL 2016 ( PART 2 )



വിശദീകരിക്കാനാവാത്ത രണ്ട് ISL സംഭവങ്ങൾ !
അങ്കം 2: അല്ലാ, ഇതാരാദ് !!!
....................................................

തൃപ്പൂൺത്രേലെ സ്ഥിരം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മോഹൻദാസിന്റെ കടയിലിരിക്കുമ്പോൾ, മുഖലക്ഷണം കണ്ട് സഹിക്കവയ്യാതെ വരച്ച അപ്പു എന്ന ബഹളക്കാരന്റെ വിവാഹ റിസപ്ഷൻ. 
ഇന്നലെ. 
ബോൾഗാട്ടി പാലസ്. 
കായൽമണം സ്പ്രേ ചെയ്ത ചീവീട് രാത്രി .
ഒരൊറ്റ പക്ഷിയില്ല. കുക്കുടായ കുക്കുടങ്ങളെല്ലാം ചത്തു.
ചുറ്റിലും വിയർത്തുകുളിച്ച കൈമെയ്മറന്നദ്ധ്വാനികൾ അശ്രാന്തപരിശ്രമത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന കായികദൃശ്യങ്ങൾ ! വാക്ക് കൂർക്കം വലിച്ചുകൊണ്ടിരിക്കുന്നു. എങ്ങും മുരൾച്ച മാാാാാത്രം !

ഞാനാണെങ്കിൽ “ഈശ്വരചിന്തയിതൊന്നേ മനുജനു” കമുകറയുടെ ശബ്ദത്തിൽ മൂളിക്കൊണ്ടിരിക്കണേണ്. പ്രവർത്തനത്തിലേർപ്പെടുന്നുമുണ്ട്. അങ്ങനെ, 
മൂളൽ …… മുരൾച്ച …… മൂളൽ …… മുരൾച്ച എന്നൊരു പാറ്റേണിൽ നീങ്ങിക്കൊണ്ടിരിക്കുന്ന നേരത്ത് ചെറിയൊരു വാതിൽ തുറന്ന് അകത്തേയ്ക്കു പ്രവേശിച്ച കക്ഷി - ഞെട്ടിപ്പോയി ! - ആരാന്ന്വച്ചിട്ടാ….!
കൈകാട്ടി വിളിച്ചു. ആൾ അടുത്തേക്കു വന്നു.
അനിയന് ഒരാൾടെ ച്ഛായേണ്ട്, അറിയ്യ്യോ ?
സീക്കേ വിനീതിന്റ്യല്ലെ ? ചേട്ടാ, ഞാൻ നടന്നുവരുമ്പളേ കൂട്ടാരനോട് പറഞ്ഞേച്ചുംവെച്ചും പോന്നേള്ളോ… ദേ, നോക്കിക്കോ, ഇതിനകത്ത് കടന്നുകിട്ട്യാ ഞാനിപ്പൊ ഫേമസ്സാവുംന്ന്…
വരയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല.. വര തീർത്ത ടിഷ്യു പേപ്പർ കാണികൾ തിരിഞ്ഞുനോക്കാത്ത ഇരുട്ടു മൂലയിൽ വെച്ചു സമ്മാനിക്കേണ്ടിവന്നു.
ഒട്ടും കേമമല്ലാത്ത വര. എന്നിട്ടും, Renjith Omr ബോധം കെടാൻ പോയി.
ചേട്ടൻ ആള് മാസ്സാടാ… ചതുരാകൃതിയിലുള്ള മുഖത്ത് രണ്ട് പല്ല് ഹൈലൈറ്റാക്കിവെച്ച മുഖമുള്ള കൂട്ടുകാരനോടാണ്.
മുറിയിൽനിന്ന് മടങ്ങാൻ നേരം ഫേസ്‌ബുക്ക് തുറന്ന് കക്ഷി ഫ്രണ്ട് റിക്വസ്റ് അയച്ചു. 
നാളെ(18 ന് )ത്തന്നെ ഈ കഥ പോസ്റ്റ് ചെയ്യണമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. 
''
ചേട്ടന്റെ പേജിക്കൂടെ എന്നെ നാലാള് അറിയൂലോ '' എന്ന പ്രതീക്ഷ ചമ്മലില്ലാതെ അറിയിച്ചു.
അതെ, ഇത് ഇന്നലെ ഇടണമായിരുന്നു . 
ബ്ളാസ്റ്റേഴ്സ് വീണു. 
സി.കെ.വിനീതും.
രണ്ടുപേരെയും ആരാധകർ അതിവേഗത്തിൽ മറക്കാൻ ശ്രമിക്കുകയാണ് .
പുതിയ വിനീതുമാരെ കണ്ടെത്തണം. 
ആദ്യം മുടിഞ്ഞ പുഷ്പവൃഷ്ടി. പിന്നെ, മുച്ചൂടും പൊങ്കാല.
ഐ.ടി.ഐ. യ്ക്ക് വെൽഡിങ് പഠിച്ച ആ മെലിഞ്ഞ ചെറുപ്പക്കാരൻ കാത്തിരിക്കുകയാണ്. അതുവരെ, ഫേസ്ബുക് അയാളെ സമാധാനിപ്പിക്കട്ടെ.


No comments:

Post a Comment