Thursday, June 21, 2018

VIDYARAMBHAM 2017



വിദ്യാരംഭം -2017 ആശംസകൾ !




വിദ്യാരംഭം -2017 ആശംസകൾ !
കഴിഞ്ഞോല്ലം ഇതേ ദിവസം നടന്ന ഹൃദയസ്പൃക്കായ സംഭവം ഇത്തവണേം തനിയാവർത്തിച്ചിരിക്കുന്നു. എനിക്ക് മരിച്ചാമതീന്നായി. ....
കഷ്ടം ! വെറ്റ്ല, അടയ്ക്ക, നാണയം, ഗാന്ധിജി, പണക്കിഴി, മുഖസ്തുതി, പ്രശംസാപത്രങ്ങൾ, മൊത്തത്തിൽ ജനപ്രളയം- എന്തൊക്കെ സ്വപ്നങ്ങളായിരുന്നു.... !
ലേഖാംബാളാണെങ്കിലോ, വർണ്ണം, കീർത്തനം വഴി കൂളായി നിരവൽ ഗ്ലൈഡിങ്ങ് നടത്തുന്നതിനിടെ മനോധർമ്മ സ്വരം അച്ചാലും മുച്ചാലും വാരിവിതറി പാട്ടാർഥിപ്പിള്ളേരുടെ കാർന്നോമ്മാരെ അത്ഭുതംകൊണ്ട് വയ്യാണ്ടാക്കുന്നത് ഞാൻ നേരിട്ടും ഒളിഞ്ഞുനിന്നും കണ്ടു.
അഞ്ചടിക്കാരി സംഗീതകലാനിധിയുടെ പരാക്രമത്തിൽ inspired ആയി മൂന്നാലു തൃപ്പോൺത്രക്കാരി വീട്ടമ്മമാർ ഒരാഴ്ച്ചയ്ക്കകം തങ്ങൾക്കും അരങ്ങേറണം എന്ന് ഏങ്ങലടിച്ചു കരയുന്നതും കാണേണ്ടിവന്നു. കടവന്ത്ര-വൈറ്റില വഴി മയത്തിൽ മാടിവിളിച്ചു വരുത്തേണ്ടിയിരുന്ന ഷഡ്ജത്തിനെ ഓടിച്ച് കുണ്ടന്നൂർ ഫെറി കടത്തി പുറംകടലിലേയ്ക്ക് പായിച്ച ലേഖാംബാളിന്റെ 2000-ലെ ഓൾഡ് സ്റ്റൂഡെന്റ് വയോവൃദ്ധയും, ശരണാർഥി സംഘത്തിൽ ഉണ്ടായിരുന്നു.
ദക്ഷിണ കൊടുപ്പുകാരിൽ
കുട്ടി: യുവതി : മദ്ധ്യവയസ്ക്ക : വയസ്ക്ക : വൃദ്ധ : പടുവൃദ്ധ വിഭാഗങ്ങളുടെ അനുപാതം 5 : 10 : 10 : 20 : 25 : 30 ആണെന്ന് വിദുഷി പൊട്ടിച്ചിരിച്ചുകൊണ്ട് എന്നെ നോക്കാതെ അന്തരീക്ഷത്തിലേയ്ക്ക് ഉറക്കെ ആത്മഗതം ചെയ്തതോടെ ഇത്തവണത്തെ വിദ്യാരംഭത്തിന്റെ കഥ കഴിഞ്ഞു.
ഒന്നേ പറയാനുള്ളൂ... ഇതിനി ആവർത്തിച്ചൂടാ....
സുപുത്രൻ സിദ്ദാണി മാത്രമായിരുന്നു the saving grace ! 

മൊബൈലിൽനിന്നു കണ്ണെടുക്കാതെ അവൻ പുരാണത്തിൽനിന്ന് ഒരേട് കീറി മൂക്കുചീറ്റിയെറിഞ്ഞ് എന്തോ മൊഴിഞ്ഞു. (പ്ലീസ്, ആ വര ഒന്നു ശ്രദ്ധിച്ചോളോ)
എന്താ ചെയ്യ്യാ....





No comments:

Post a Comment