ചിരിച്ചുമറിയുന്ന മലയാളി ആൾക്കൂട്ടങ്ങളുടെ ചിത്രങ്ങൾ കാണിച്ച് എന്നെ വശീകരിച്ചിരുന്ന ഒരു മഹാരസികൻ ഇന്ന് പെട്ടെന്ന് പോയി...
രണ്ടു മാസം മുൻപാണ് എന്നെപ്പറ്റി ഒരുകൊല്ലം മുൻപ് ഇവിടെത്തന്നെ അദ്ദേഹം എഴുതിയ കുറിപ്പ് കണ്ടത്. എന്റെ സുഹൃത്ത് ശ്രീ ജിതേഷ്(Speed Cartoonist Ji) Vs. ഈയുള്ളോൻ ആയിരുന്നു കഥ.
നേരിയ ചിരിയോടെ കുറിപ്പാൾക്ക് ഞാനിങ്ങനെ എഴുതി ....
September
7th, 6:12pm
പ്രിയപ്പെട്ട സർ,
പ്രിയപ്പെട്ട സർ,
ഞാൻ ഒരു അണോർഗനൈസ്ഡ് വരക്കാരനാണെന്ന് അറിയാമല്ലൊ. വഴിനീളെ നടന്ന് വരയ്ക്കബിൾ മുഖങ്ങൾക്ക് ഒരു ചെറു ഉപഹാരം കൊടുക്കലാണ് കൊല്ലങ്ങളായി പണി. ആ പരിപാടിയ്ക്ക് ഒരു സോഷ്യലിസ്റ്റിക് മുഖമുണ്ട് എന്നത് കൊള്ളാവുന്നൊരു കാര്യമായി തോന്നുന്നു. അതിലും വല്യ കഥയൊന്നും എന്റെ വരയിലില്ല.
ജിതേഷിന്റെയും എന്റെയും ശൈലികൾ പല രീതിയിലും വ്യത്യസ്തമാണ് . അദ്ദേഹം വളരെ ഓർഗനൈസ്ഡ് ആണ്. ധാരാളം ഹോംവർക്ക് ചെയ്യും. എനിക്കതു ചെയ്യാൻ പറ്റാറില്ല. എന്റെ ചിന്തകൾ, അവനവനെ നോക്കിയുള്ള ചിരി എങ്ങനെ സ്കൂൾ കുട്ടികളിലേക്കെത്തിക്കാം എന്നുള്ളതായിരുന്നു എന്നും. അല്പം വിഷാദം നിറഞ്ഞ കാലം 7ആം ക്ലാസ്സിനുശേഷം കുറേക്കാലം ഉണ്ടായതുകൊണ്ടാവും. ഒറ്റപ്പെട്ട സ്കൂൾ ഏക/അർദ്ധ ദിന ക്യാമ്പുകളൊഴിച്ചാൽ വലിയ മുന്നേറ്റങ്ങൾ എനിക്കു ആ വഴിക്ക് നടത്താനായിട്ടില്ല. ജോലിയിൽനിന്ന് പിരിയുമ്പോൾ ആയേക്കും. അപ്പോൾ, ഇപ്പോഴേ അവശനായ ഈ തടിയൻ ശരീരം വഴങ്ങുമോ ??
ഞങ്ങൾ തമ്മിൽ ഒരു മൽസരപ്പയറ്റ് പ്രതീക്ഷിക്കുന്ന പല കാർട്ടൂണിസ്റ്റ് ചങ്ങാതിമാരും ഞങ്ങൾക്കുണ്ട്. എനിക്കതിൽ, വല്യ ഔൽസുക്യം ഇല്ല. എന്നാൽ, ഒട്ടും ബേജാറുമില്ല. ഈ ജിപ്സി മനോഭാവമുള്ളതുകൊണ്ടാവും. ഏതാണ്ട് ഒരു ബൗൽ നാടോടിപ്പാട്ടുകാരന്റെ മനസ്സ്.
എന്തായാലും, ഒരു കാര്യം എനിക്കറിയാം. എന്നേക്കാൾ വരയുടെ മർമ്മമറിയുന്ന 100 പേരെങ്കിലും ഈ ജില്ലയിൽത്തന്നെ ഉണ്ടാവും. ഓരോരോ ദുര്യോഗം കാരണം അവർക്കൊന്നും അറിയപ്പെടാൻ സാധിക്കുന്നില്ല. ഭാവിയിൽ, വ്യക്തിപരമായ ദുരന്തങ്ങൾ നേരിടാൻ അവരെ ഒരുപക്ഷെ ധൈര്യപ്പെടുത്താൻ സഹായിക്കാവുന്ന അത്ഭുതകരമായ ഒരു ആയുധം ദയാരഹിതമായി അവരെ ഒഴിഞ്ഞുപോകുന്നു. അതോർക്കുമ്പോൾ, എനിക്കൊരിക്കലും അഭിമാനിക്കാൻ തോന്നാറില്ല. ഞാനിത് എന്റെ ചെറിയ ഓൺലൈൻ ഇടങ്ങളിൽ പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്.
ഓണാശംസകൾ !
സ്നേഹപൂർവം
.....................................
.....................................
കാണാതിരിക്കില്ലെന്ന് കരുതിയിരുന്നു.... അവിദഗ്ദ്ധമായി എടുത്ത ചിത്രങ്ങളിലൂടെ ചിരിയുടെ അലകളിളകുന്നത് ണിച്ചുതന്നയാളെ
ഞാൻ മറക്ക്വേ,
ഞാൻ മറക്ക്വേ,
ഒരിയ്ക്കലൂല്യ ...

No comments:
Post a Comment